KTDOയെ കുറിച്ച്

ജാതി - മത - രാഷ്ട്രീയ ചിന്തകൾക്കതീതമായി, ചിതറിക്കിടന്നിരുന്ന ടാക്സി ഡ്രൈവർമാരെ ഒരുമിപ്പിച്ചുകൊണ്ട് നിലവിൽ വന്ന കെ ടി ഡി ഒ എന്ന സംഘടന ഇന്ന് സഹവർത്തിത്തോടെയും പരസ്പര സഹകരണത്തോടെയും പ്രവർത്തിക്കുന്ന എട്ടായിരത്തിലധികം ടാക്സി ഡ്രൈവർമാർ മെമ്പർമാരായുള്ള പ്രസ്ഥാനമാണ്.

ദർശനം

കേരളത്തിലെ എല്ലാ ടാക്സി ഡ്രൈവർമാരെയും കുടക്കീഴിൽ കൊണ്ടുവരിക. സഹവർത്തിത്തത്തോടെയും സഹകരണ മനോഭാവത്തോടെയും മുന്നോട്ടു നീങ്ങുക. ടാക്സി ഡ്രൈവർമാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനായുള്ള പദ്ധതികൾ രൂപപ്പെടുത്തുക. അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക. ടാക്സി മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കൂട്ടായ ശ്രമങ്ങൾ നടത്തുക.

ദൗത്യം

ടാക്സി ഡ്രൈവർമാർക്കായി നൂതനമായ ആശയങ്ങളുടെ സഹായത്തോടെ എല്ലാ മെമ്പർമാർക്കും സാമ്പത്തിക നേട്ടം കൈവരിക്കാൻ ഉതകുന്ന പദ്ധതികളിലൂടെ ഏവരുടെയും ജീവിത നിലവാരം ഉയർത്തുക. അത്തരം പ്രവർത്തനങ്ങളിലൂടെ പൊതുജനത്തിന് കൂടുതൽ സുതാര്യവും സുരക്ഷിതവുമായ മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കിക്കൊടുക്കുക. അതോടൊപ്പം കോർപ്പറേറ്റ് ഭീമൻമാരിൽ നിന്ന് ടാക്സി വ്യവസായത്തെ സംരക്ഷിക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുക.

കെ ടി ഡി ഒ യുടെ അനിവാര്യത

ടാക്സി ഡ്രൈവർമാരുടെ ഒന്നിച്ചുള്ള മുന്നേറ്റത്തിനായി, രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന സംഘടന എന്നതാണ് കെ ടി ഡി ഒ യെ വത്യസ്തമാക്കുന്നത്. ടാക്സി ഡ്രൈവർമാരുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ മേഖലയിലെ കുത്തകകൾക്ക് കൂച്ചുവിലങ്ങിടാനും നിയന്ത്രിയ്ക്കാനും സാധിയ്ക്കൂ എന്ന തിരിച്ചറിവാണ് ഏവരെയും ഒരുമിപ്പിച്ചു നിർത്താൻ പ്രേരകമായത്. ഒപ്പം തന്നെ ഈ മേഖലയിലെ കള്ള നാണയങ്ങളെ തുരത്താനും കെ ടി ഡി ഒ ആത്മാർത്ഥമായി ശ്രമിച്ചുവരുന്നു.

സഹായ ഹസ്തം

സമൂഹത്തിലെ അശരണരും ദുർബലരുമായ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, അവർക്കൊരു താങ്ങായിമാറാൻ കുറഞ്ഞ കാലം കൊണ്ട് തന്നെ കെ ടി ഡി ഒ യിലെ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ടാക്സി മേഖലയിൽ പ്രവർത്തിച്ച് കഷ്ടതകൾ അനുഭവിക്കുന്നവരുടെ കുടുംബങ്ങളിൽ ആഹാരം, പാർപ്പിടം, കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള സഹായങ്ങൾ കെ ടി ഡി ഒ ചെയ്തുവരുന്നു. കൂടാതെ, പ്രകൃതി ക്ഷോഭങ്ങളിൽ നാശം വിതച്ച ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളിലും, ഒപ്പം അട്ടപ്പാടി, വയനാട് തുടങ്ങിയ മേഖലകളെ നിർധനരായ ജനങ്ങൾക്കും കേരളത്തിലെ ഒട്ടനവധി അനാഥാലയങ്ങൾ, അംഗ പരിമിതരുടെ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ സ്ഥിരമായി സഹായങ്ങൾ ചെയ്തുവരുന്നു.

24x7 ഹെൽപ് ലൈൻ

ടാക്സി ഡ്രൈവർമാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ദൂര യാത്രയ്ക്കിടയിലെ അപ്രതീക്ഷിത ബ്രേക്ക് ഡൗണുകൾ. പലപ്പോഴും അത്തരം അവസ്ഥകളിൽ എത്തിപ്പെടുന്ന ഡ്രൈവർമാർ നേരിടുന്ന വെല്ലുവിളികൾ ഒരുപാടാണ്. നല്ല മെക്കാനിക്കുകളെ കണ്ടെത്താനുള്ള ബുദ്ധിമുട്ട്, സമയം വൈകുന്തോറും യാത്രക്കാരിൽ നിന്നും നേരിടേണ്ടി വരുന്ന കുത്തുവാക്കുകൾ, യാത്രക്കാരുടെ സുരക്ഷ എന്നിങ്ങനെ വെല്ലുവിളികൾ ഏറെയാണ്. നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായാണ് കെ ടി ഡി ഒ 24 X 7 എന്ന 24 മണിക്കൂർ ഹെൽപ്ലൈൻ ആരംഭിക്കുന്നത്. സംഘടനയിലെ ഏത് മെമ്പർമാരുടെയും ബ്രേക്ക്ഡൌൺ ആവുന്ന വാഹനങ്ങൾ അതാത് സ്ഥലങ്ങളിലെ കെ ടി ഡി ഒ മെമ്പർമാരുടെ നേതൃത്വത്തിൽ നന്നാക്കിക്കൊടുക്കുന്നതാണ്.

ലക്ഷ്യങ്ങൾ

ഡ്രൈവർമാർക്ക് സഹായം

ഞങ്ങളുടെ പ്രധാന ലക്ഷ്യം ടാക്സി ഡ്രൈവർമാരുടെ ക്ഷേമമാണ്. അംഗങ്ങളിലെ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നവർക്കായി സഹായ സഹകരണങ്ങൾ എത്തിച്ചു നൽകുക എന്നതാണ് പ്രഥമ ദൗത്യം. ഡ്രൈവർമാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുക വഴി സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുവാനും സാധിക്കുന്നതാണ്.

 

വ്യാജ ടാക്സി നിരോധനം

ടാക്സി ഡ്രൈവർമാരുടെ തൊഴിലിന് ഏറ്റവും വലിയ വെല്ലുവിളിയായി മാറിയ കള്ള ടാക്സികൾ വലിയ തോതിലുള്ള നഷ്ടങ്ങളാണ് ഈ മേഖലയിൽ വരുത്തിവെയ്ക്കുന്നത്. നിയമവിരുദ്ധ ടാക്സികൾ കണ്ടെത്താനും അവയ്ക്കെതിരായ നിയമപരമായ നടപടികൾ സ്വീകരിക്കാനും ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു.

 

ടാക്സി മേഖലയുടെ സംരക്ഷണം

ഓല, യൂബർ തുടങ്ങിയ കോർപറേറ്റുകളാണ് ഇന്ന് ലോകം മുഴുവൻ ടാക്സി രംഗം അടക്കിവാണുകൊണ്ടിരിക്കുന്നത്. അവരുടെ പിടിയിൽ അകപ്പെടാതെ കേരളത്തിലെ ടാക്സി മേഖലയെ രക്ഷിച്ചെടുക്കാൻ നൂതനമായ ആശയങ്ങളിലൂടെ വൻ പ്രതിരോധം തീർക്കുവാൻ കെ ടി ഡി ഒ ശ്രമിച്ചുവരുന്നു.

 

CALL KTDO
+91 8281 472 200